|
| Flash News : |
|
|
|
|
|
|
| News Dated : Saturday, December 12, 2009 |
|
ഫീച്ചര്‍-9ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
|
പാലാ:രോഗം വന്നാല്‍ ചികിത്സിക്കണം. അതിലും നല്ലത് രോഗം വരാതെ ശരീരത്തെ സംരക്ഷിക്കുകയെന്നതാണ്. എന്നാല്‍ ഇന്ന് രോഗമുണ്ടെന്നും, അതിനു ചികിത്സിക്കുന്നുവെന്നും, ചികിത്സ എത്രയും ആധുനികസൗകര്യങ്ങളുള്ള ആശുപത്രിയില്‍, വളരെ വിദഗ്‌ധനായ സ്‌പെഷ്യലിസ്റ്റ് ആണെന്നും പറയുന്നത് സ്റ്റാറ്റസ് സിംബല്‍പോലെ. ഇത്തരം വന്‍കിട ആശുപത്രികള്‍ വരുന്നതിന്റെ പിന്നില്‍, അന്നാട്ടിലെ ജനതയുടെ മാനസികാരോഗ്യം കുറയുന്നുവെന്ന് അനുമാനിക്കാനും കഴിയും. പ്രകൃതിയിലേക്ക് മടങ്ങി ആരോഗ്യം വീണ്ടെടുക്കുന്നതിനു പകരം ചികിത്സയും പരിശോധനകളും കൂടിയേ തീരൂ എന്ന അന്ധമായ വിശ്വാസം നമുക്കിടയില്‍ പടര്‍ന്നുപിടിച്ചുകഴിഞ്ഞു. അതിനു തെളിവാണല്ലോ, മെഡിക്കല്‍ കോളജുകള്‍ റഫറല്‍ ആശുപത്രികളാക്കിയപ്പോള്‍ ഉണ്ടായ മുറവിളികളുടെ അടിസ്ഥാനം. ഇതിന്റെ നല്ല വശത്തെ മറന്നുകൊണ്ടു പറയുന്നതല്ല. ജലദോഷം വന്നാലും മെഡിക്കല്‍ കോളജിലെ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ ചെക്കപ്പ് ചെയ്‌തില്ലെങ്കില്‍ ആനുധിക മനുഷ്യനു സമാധാനമില്ല.
ഇന്ന് മനുഷ്യന്‍ ഏറ്റവും കൂടുതല്‍ പണം ചെലവാക്കുന്നത് ചികിത്സയ്‌ക്കും വിദ്യാഭ്യാസത്തിനും ആഢംബര വീടുകള്‍ വയ്‌ക്കാനുമാണ്. വിദ്യാഭ്യാസത്തിനു വാഹനം വാങ്ങുന്നതിനും വീടു വയ്‌ക്കുന്നതിനും ബാങ്കുകള്‍ ലോണ്‍ കൊടുക്കും. എന്നാല്‍ ഭീമമായ ചികിത്സാച്ചെലവുകള്‍ താങ്ങാന്‍ ഒരു ബാങ്കും ലോണ്‍ നല്‍കില്ല. ഉള്ളതെല്ലാം വിറ്റുപെറുക്കി ജീവന്‍ രക്ഷിക്കാന്‍ എല്ലാവരും തയാറാകും. സമ്പത്തിലും വലുത് ജീവന്‍ തന്നെയാണെന്ന് നമുക്കറിയാം. വീട്ടുമുറ്റത്തെ തുമ്പയും തുളസിയും അയ്യപ്പാനയും പനിക്കൂര്‍ക്കയും നല്‍കുന്ന ഔഷധം ഇന്നാര്‍ക്കും വേണ്ട. ചികിത്സയ്‌ക്കായി ഏതെല്ലാം സ്ഥലങ്ങളില്‍ പോകാമോ അവിടെ എന്തു ത്യാഗം സഹിച്ചും പോകാനും നാം തയാറാകും. ചികിത്സാച്ചെലവ് മരുന്നുകളുടെയും പരിശോധനകളുടെയും തുക മാത്രമല്ല. യാത്ര, ഭക്ഷണം, സമയത്തിന്റെ പാഴ്‌ച്ചെലവ്, അനുയാത്രചെയ്യുന്നവരുടെ ചെലവുകള്‍, പരിശോധനകള്‍ ആവശ്യമുള്ളവയും, അല്ലാത്തവയും തുടങ്ങി നിരവധി തലങ്ങളിലാണു ചികിത്സാച്ചെലവ് ഏറുന്നത്. ഇതിനു നിയതമായ ചട്ടക്കൂടുകളില്ല. ഒരു സ്‌ത്രീ ഗര്‍ഭിണിയാകുന്നതു മുതല്‍ പ്രസവംവരെ (ഇന്നു പ്രസവം സര്‍വസാധാരണമല്ല, സിസേറിയന്‍ ആണു പ്രധാനം) സാധാരണക്കാരായ ജനം ചെലവാക്കുന്നത് ഏതാണ്ട് 30,000-50,000 രൂപവരെയാണ്. ഗര്‍ഭധാരണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തുടങ്ങുന്ന പരിശോധനകള്‍, മരുന്ന്, ഭക്ഷണം, ആശുപത്രിച്ചെലവുകള്‍ തുടങ്ങിയവ എല്ലാം ഉള്‍പ്പെട്ടതാണ് ഇത്. ജലദോഷവും തലവേദനയും വന്നാല്‍ പോലും ഒരു ക്ലിനിക്കില്‍ ചെലവാകുന്നത് ഏതാണ്ട് 400-500 രൂപയാണ് എന്നു സര്‍വേകള്‍ സൂചിപ്പിക്കുന്നു.
സത്യത്തില്‍ ഗര്‍ഭധാരണവും ജലദോഷവും പനിയുമൊന്നും ഒരു രോഗമല്ല. പ്രകൃതിയുടെ വരദാനങ്ങളാണ് ഇവയെല്ലാം. ഗര്‍ഭധാരണം ഇന്നു വന്‍വ്യവസായമാക്കി ആഘോഷിക്കുകയാമ് ആശുപത്രികള്‍. സാധാരണ പ്രക്രിയയായി കരുതാന്‍ ജനം തയാറല്ല.
ഇപ്രകാരം ജന വിശ്വാസങ്ങള്‍ മാറിക്കൊണ്ടിരിക്കുമ്പോള്‍, ചികിത്സകള്‍ തേടി രാജ്യാന്തര യാത്രകള്‍ ചെയ്‌തു പണവും ആരോഗ്യവും നഷ്‌ടപ്പെടുത്തുന്നുവെന്ന തിരിച്ചറിവാണ് പാലായില്‍ ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയെന്ന തിരിച്ചറിവ് ഇതിന്റെ പിന്നണി പ്രവര്‍ത്തകരില്‍ ഉണ്ടാകാന്‍ കാരണം. ഒരു ആശുപത്രിക്കാവശ്യമായതെല്ലാം നമ്മുടെ നാട്ടിലുണ്ട്. അതിവിടെയുണ്ടെങ്കില്‍ നമ്മുടെ ആള്‍ക്കാര്‍ പുറത്തേക്ക് ഓടി കഷ്‌ടപ്പെടേണ്ടതില്ല. അങ്ങിനെ ജനഹിതമറിഞ്ഞുതന്നെയാണ് `സൂപ്പര്‍ സ്‌പെഷ്യാലിറ്റി' തലത്തില്‍ത്തന്നെ `മാര്‍ സ്ലീവാ ആശുപത്രി' പിറവികൊള്ളുന്നത്.
(സ്‌പെഷ്യാലിറ്റി ആശുപത്രി വിശേഷങ്ങള്‍ തുടരും) |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |