|
| Flash News : |
|
|
|
|
|
|
| News Dated : Sunday, December 20, 2009 |
|
ഫീച്ചര്‍-13ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി: ഒരു എത്തിനോട്ടം |
| സുജ ആനിക്കാട് |
|
പാലാ: കേരളത്തിലെ അഭ്യസ്‌തവിദ്യരായ യുവജനങ്ങളില്‍ നല്ലൊരു ശതമാനവും തൊഴിലിന് അന്യ നാടുകളെയും വിദേശരാജ്യങ്ങളെയുമാണ് ഇന്ന് ആശ്രയിക്കുന്നത്. വിദേശ രാജ്യങ്ങളിലെ കനത്ത ശമ്പളമാണ് ജോലി തേടിപ്പോകാന്‍ നമ്മുടെ ജനങ്ങളെ പ്രേരിപ്പിക്കുന്ന മുഖ്യകാര്യം. ആഗോളതലത്തില്‍ ആരോഗ്യമേഖലയില്‍ ഏറ്റവും സ്‌തുത്യര്‍ഹ സേവനം അര്‍പ്പണമനോഭാവത്തോടെ ചെയ്യുന്നത് മലയാളി നഴ്‌സുമാരും ഡോക്‌ടര്‍മാരുമാണെന്നു പരക്കെ അഭിപ്രായമുണ്ട്.
മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ശരിയായ മാര്‍ഗനിര്‍ദേശം നല്‍കുന്നതിനും അവരോടൊപ്പം നിന്നു കൂടുതല്‍ സമയം ചെലവഴിച്ചു പഠിപ്പിക്കുന്നതിനും മെഡിക്കല്‍ കോളജിലെ അധ്യാപകരായ ഡോക്‌ടര്‍മാര്‍ക്ക് കൂടുതല്‍ സമയവും ശ്രദ്ധയും ആവശ്യമാണെന്നു സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടര്‍മാരുടെ സംഘടനയുടെ ഔദ്യോഗിക ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ റഫറര്‍ സമ്പ്രദായം വന്നതോടെ മെഡിക്കല്‍ കോളജിലെ അധ്യാപകരായ ഡോക്‌ടര്‍മാര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസത്തിനു ചെലവഴിക്കാന്‍ കൂടുതല്‍ സമയവും ലഭ്യമാകും. ഇപ്രകാരം നല്ല വിദ്യാഭ്യാസം സിദ്ധിച്ച ഡോക്‌ടര്‍മാരുടെ സേവനം നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കു ലഭ്യമാകണമെങ്കില്‍ ആധുനിക ചികിത്സാ സൗകര്യങ്ങളോടു കൂടിയ ആശുപത്രികള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകണം.
നല്ല ചികിത്സ ലഭ്യമെങ്കില്‍ ജനങ്ങള്‍ക്ക് ചികിത്സയ്‌ക്കുവേണ്ടി എത്ര പണവും ചെലവാക്കുവാന്‍ മടിയില്ല. സമ്പത്തിലും വലുത് ജീവന്‍തന്നെയാണല്ലോ. നല്ല ചികിത്സയും, നല്ല ആശുപത്രിയും, നല്ല ഡോക്‌ടര്‍മാരും, നല്ല നഴ്‌സുമാരും നമ്മുടെ നാട്ടിലുണ്ട്. പക്ഷേ, അവയുടെ പ്രയോജനം പൂര്‍ണമായും പലപ്പോഴും ലഭ്യമാകുന്നില്ല. ഇവ ഒന്നിച്ചു സമന്വയിപ്പിക്കാന്‍ കഴിയാതെ വരുന്നതിനാലാണിപ്രകാരം സംഭവിക്കുന്നത്. എന്നാല്‍ എല്ലാ ആധുനിക സംവിധാനങ്ങളുമൊരുക്കി കൃത്യമായ `സ്റ്റാഫ് പാറ്റേണോ'ടുകൂടി സജ്ജീകരിക്കുന്ന നവീന ആതുരാലയങ്ങളില്‍ മനുഷ്യത്വപരമായ എല്ലാ ആനുകൂല്യങ്ങളും രോഗിക്ക് ലഭ്യമാകും.
അങ്ങനെ നമ്മുടെ നാട്ടിലെ യുവജനങ്ങളുടെ തൊഴിലില്ലായ്‌മ നല്ല ശതമാനവും പരിഹരിക്കുവാന്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സംവിധാനങ്ങളുടെ കടന്നുവരവ് സഹായിക്കുന്നു. മെഡിക്കല്‍, നോണ്‍ മെഡിക്കല്‍, ഓഫീഷ്യല്‍, പാരാമെഡിക്കല്‍ വിഭാഗങ്ങളിലും, ആശുപത്രിവക ഗതാഗത മേഖലകളിലുമെല്ലാം പ്രത്യക്ഷത്തില്‍ ഒട്ടനവധി തൊഴിലവസരങ്ങളുണ്ടാകുമ്പോള്‍ പരോക്ഷമായി അതിന്റെ പതിന്മടങ്ങ് ആളുകള്‍ക്ക് പലരീതിയിലും തൊഴില്‍ ലഭിക്കുന്നു.
എന്‍ജിനീയറിങ്, മെക്കാനിക്കല്‍, ഇലക്‌ട്രിക്കല്‍ തുടങ്ങിയ സാങ്കേതിക മേഖലകളിലും നിരവധി ചെറുപ്പക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാകും. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെ കണ്‍സ്‌ട്രക്ഷന്‍ പണികള്‍ ആരംഭിക്കുമ്പോള്‍ നാട്ടുകാരായവര്‍ക്കുകൂടി പണികള്‍ ലഭിച്ചാല്‍ ഉപകാരമാകുമെന്ന അഭിപ്രായം ചേര്‍പ്പുങ്കല്‍, കുമ്മണ്ണൂര്‍, മുത്തോലി, മേവട, കൊഴുവനാല്‍, കെഴുവംകുളം തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍ക്കുണ്ട്. ഇപ്പോള്‍ അന്യനാട്ടുകാര്‍ ഇവിടെ പണിയെടുക്കുന്നതുമൂലം തങ്ങളുടെ നാട്ടില്‍ കിട്ടേണ്ട പണം നഷ്‌ടമാകുന്നതായും അവര്‍ പറയുന്നു. സിമന്റും, കമ്പിയും, വന്‍പണിക്കൂലിയുമെല്ലാം പുറം നാട്ടിലേക്കു പോകുന്നതുകൊണ്ട് ഇവിടുള്ളവര്‍ക്ക് നഷ്‌ടമാണുണ്ടാകുന്നതെന്നു സ്ഥലവാസികള്‍ അഭിപ്രായപ്പെട്ടു.
തങ്ങളുടെ നാട്ടിലുയരുന്ന സ്ഥാപനത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാകാനുള്ള അവസരം നഷ്‌ടമാക്കരുതെന്നും, നാട്ടുകാര്‍ക്കുകൂടി പണി നല്‍കിയാല്‍ അത് അവരുടെ കുടുംബങ്ങള്‍ക്ക് സഹായകമാകുമെന്നും ചേര്‍പ്പുങ്കലിലും പരിസരത്തുമുള്ള കൂലിപ്പണിക്കാര്‍ പറഞ്ഞു.
(ചേര്‍പ്പുങ്കല്‍ ആശുപത്രി വിശേഷം തുടരും) |
|
|
| |
| OTHER STORIES IN THIS SECTION |
|
|
|
|
 |
|
|
| © Copyright 2008. All rights reserved |
| Production in whole or in part without written permission is prohibited. |
| To access reprinting rights, please contact mails@myvartha.com |
|
 |