പാലാ: ചേര്‍പ്പുങ്കലില്‍ പാലാ രൂപതയുടെ ഉടമസ്ഥതയില്‍ വരുന്ന മെഡിക്കല്‍കോളജ് സ്‌പെഷ്യാലിറ്റി ആശുപത്രിക്ക് നാട്ടുകാര്‍ സ്വാഗതമോതുന്നു. ഒപ്പം അവര്‍ക്ക് ചില ആശങ്കകളുമുണ്ട്.
ഇപ്പോള്‍തന്നെ ആശുപത്രിയുടെ പ്രാരംഭ പണികള്‍ക്കുവേണ്ടിയുള്ള പാറപൊട്ടിക്കലും മറ്റും തകൃതിയായി നടക്കുമ്പോള്‍ സമീപത്തെ വീടുകളില്‍ ശബ്‌ദവും മറ്റും അനുഭവപ്പെടുന്നതുകൊണ്ട് അസ്വസ്ഥത ഉണ്ട്. പാറച്ചീളുകള്‍ വീണ് അടുത്തവീടിന്റെ ഷീറ്റ് പൊട്ടിയ കഥകളുമുണ്ട്. മുകള്‍ഭാഗത്ത് താമസിക്കുന്നവര്‍ താഴെ ഭൂമി തുരക്കുന്നതില്‍ ഭീതിദരുമാണ്. വളരെ ആഴത്തില്‍ പാറപൊട്ടിക്കുകയും മണ്ണെടുക്കുകയും ചെയ്യുമ്പോള്‍ ഭൂമിയുടെ കിടപ്പിനും പരിസ്ഥിതിക്കും എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും നാട്ടുകാര്‍ ആശങ്കയിലാണ്. ആശുപത്രിയും ചേര്‍പ്പുങ്കല്‍ പള്ളിയൊടനുബന്ധിച്ച് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വന്നതിനെ തുടര്‍ന്ന് ഇവിടെ ഭൂമി വില കുതിച്ചുയര്‍ന്നുകഴിഞ്ഞു. സെന്റിന് 6000 രൂപ വില ഉണ്ടായിരുന്നത് നാല്, അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ അതു രണ്ടരലക്ഷംവരെയായി ഉയര്‍ന്നു.
വലിയ വലിയ സ്ഥാപനങ്ങള്‍ വരുമ്പോള്‍ ഗ്രാമാന്തരീക്ഷമായിരുന്ന തങ്ങളുടെ നാട് വലിയവലിയ നഗരങ്ങളായി വികസിക്കുകയാണെന്നാണ് ഇവിടുത്തെ ഗ്രാമീണ ജനത പറയുന്നത്. ഞങ്ങള്‍ക്കിപ്പോള്‍ കുടിക്കാന്‍ പഞ്ചായത്ത് നല്ല വെള്ളം തരുന്നുണ്ട്. ഞങ്ങള്‍ ആരും കിണറ്റിലെ വെള്ളം ഉപയോഗിക്കാറില്ല. ഇനി ആശുപത്രി വന്നുകഴിഞ്ഞ് അന്തരീക്ഷമൊക്കെ ചിലപ്പോള്‍ മലിനപ്പെട്ടേക്കാം. ജീവിതം ബുദ്ധിമുട്ടായാല്‍ നല്ല വില കിട്ടിയാല്‍ ഇവിടംവിട്ട് ഞങ്ങള്‍ മറ്റെവിടേക്കെങ്കിലും പോകും. ഇപ്രകാരമാണ് ചേര്‍പ്പുങ്കലിലെ ജനങ്ങളുടെ ആശുപത്രിയോടുള്ള പ്രതികരണങ്ങള്‍.
(സ്‌പെഷ്യാലിറ്റി ആശുപത്രി വിശേഷങ്ങള്‍ തുടരും)