ഫീച്ചര്‍-6ചേര്‍പ്പുങ്കല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി ഒരു എത്തിനോട്ടം
സുജ ആനിക്കാട്
പാലാ:പ്രശാന്ത സുഭഗയായി ഇരു കരകളെയും ഹരിതാഭയുടെ പുളകച്ചാര്‍ത്തണിയിച്ചുകൊണ്ട് പടിഞ്ഞാറേക്കൊഴുകുന്ന മീനച്ചിലാറിന്റെ കരയിലാണ് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാപള്ളി സ്ഥിതി ചെയ്യുന്നത്. കണ്ണീരോടെ പ്രാര്‍ഥിക്കുന്നവര്‍ക്ക് സര്‍വ്വാഭീഷ്‌ടങ്ങളും സാധിച്ചു കൊടുക്കുന്ന ഉണ്ണീശോയെ വണങ്ങാന്‍ നാടിന്റെ മാത്രമല്ല, രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും എല്ലാ മാസാദ്യ വെള്ളിയാഴ്‌ചകളിലും പതിനായിരക്കണക്കിനു ഭക്തരെത്തുന്നു. നൊവേനകളും കുര്‍ബാനകളും ചൊല്ലി പൊന്‍ വിളക്കില്‍ ആത്മാവിന്റെ എണ്ണ പകര്‍ന്ന്, മെഴുകുതിരി കത്തിച്ച്, കഴുന്നെടുത്തു പ്രാര്‍ഥിക്കുന്നത് നാനാജാതി മതസ്ഥരാണ്. ഉണ്ണീശോയ്‌ക്ക് ജാതി-മത-വര്‍ഗ വര്‍ണഭേദമില്ല. ആരെപിടിച്ചാല്‍ ഉയിരിനെ രക്ഷിക്കാമെന്ന ചിന്തയില്‍ ഉള്ളും ഉള്ളതുമെല്ലാം നേര്‍ച്ചപ്പണമായി കൊടുക്കാന്‍ ഭക്തര്‍ക്ക് ഒരു മടിയുമില്ല.
വര്‍ഷങ്ങള്‍ക്കുമുമ്പ് ചേര്‍പ്പുങ്കല്‍ പള്ളിക്കടവില്‍നിന്നു ഏറ്റുമാനൂര്‍ റോഡിലെത്താന്‍ കടത്തുവള്ളമായിരുന്നു ആശ്രയം. അന്ന് ആയിരക്കണക്കിന് ആള്‍ക്കാര്‍ കടത്തുവള്ളം വഴി ഉണ്ണീശോയെക്കാണാനെത്തിയിരുന്നു. പള്ളി തിരുനാള്‍ ദിവസങ്ങളില്‍ ആറ്റുകടവുമുതല്‍ പള്ളിമുറ്റംവരെയുള്ള സ്ഥലങ്ങളെല്ലാം വിവിധതരം കച്ചവടക്കാരെക്കൊണ്ടു നിറഞ്ഞിരുന്നു.
മഴക്കാലമായാല്‍ ഇരുകരകളും കവിഞ്ഞൊഴുകുന്ന മീനച്ചിലാറ്റില്‍ വഞ്ചിയിറക്കുമ്പോള്‍ ഉണ്ണീശോ മാത്രമായിരുന്നു വള്ളക്കാരന്റെയുള്ളില്‍. ഭക്തരുടെ മനസിലും മറ്റാരുമായിരുന്നില്ല. ഈ കഷ്‌ടപ്പാടുകണ്ട് മനമലിഞ്ഞ ഉണ്ണീശോ എല്ലാ ഹൃദയങ്ങളുടെയും നോവും വേവുമറിഞ്ഞു. അങ്ങനെ ചേര്‍പ്പുങ്കല്‍ പാലം വന്നു.
തുടര്‍ന്ന് കൊഴുവനാലില്‍നിന്നു കെഴുവങ്കുളം കുരിശുപള്ളി വഴി ചേര്‍പ്പുങ്കല്‍പള്ളിയിലേക്കെത്താന്‍ എളുപ്പമായി. പാലംവഴി ഏറ്റുമാനൂര്‍-പാലാ റോഡിലെത്താനും സാധിച്ചു. ഇത് കൊഴുവനാലില്‍ നിന്നും ഏറ്റുമാനൂരേയ്‌ക്കുള്ള ദൂരംകുറച്ചു. മേവടവഴി മുത്തോലിക്കടവിലിറങ്ങി ചേര്‍പ്പുങ്കലേയ്‌ക്കു വന്നിരുന്നവര്‍ക്ക് നേരിട്ടുവരാന്‍ കഴിഞ്ഞു. പാലായില്‍ നിന്നും ചേര്‍പ്പുങ്കല്‍കവല വഴി പള്ളിയിലേക്കെത്താന്‍ കഴിഞ്ഞു. കെഴുവംകുളത്തിന്റെ ഉള്‍നാടുകളില്‍ കൂടി കൂടുതല്‍ വാഹന ഗതാഗതം ആരംഭിച്ചു.
പാലംവന്നശേഷം ഭക്തജനത്തിരക്കേറുകയായിരുന്നു. തുടര്‍ന്ന് ചേര്‍പ്പുങ്കല്‍ സ്‌കൂളും വളര്‍ന്നു. കോളജും, നഴ്‌സിങ് സ്ഥാപനങ്ങളുമായി. ഇന്നാട്ടിലുള്ളവര്‍ക്ക് ഉപരിപഠനങ്ങള്‍ക്ക് അനുയോജ്യമായ കോഴ്‌സുകള്‍ തെരഞ്ഞെടുക്കാന്‍ മാനേജ്‌മെന്റ് കാട്ടിയ നിഷ്‌കര്‍ഷ അഭിനന്ദനീയമാണ്.
വന്‍തുകകള്‍, കാപ്പിറ്റേഷന്‍ ഫീസ് നല്‍കി അന്യസംസ്ഥാനങ്ങളില്‍ പഠിക്കാന്‍ പോയിരുന്നു നമ്മുടെ കുട്ടികള്‍. ആ സ്ഥാനത്ത് നാട്ടില്‍തന്നെ ഇഷ്‌ടപ്പെട്ട കരിയര്‍ കോഴ്‌സുകളില്‍ പഠിക്കാന്‍ കഴിയുന്നത് നമ്മുടെ നാട്ടിലെ യുവജനങ്ങള്‍ക്ക് ലഭിച്ച ഭാഗ്യംതന്നെയാണ്.(സ്‌പെഷ്യാലിറ്റി ആശുപത്രി വിശേഷങ്ങള്‍ തുടരും)