കാലാവസ്ഥാവ്യതിയാനവും റബ്ബര്‍കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രത്തില്‍ നടന്ന അന്താരാഷ്ട്രശില്പശാല റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്യുന്നു. ഐ.ആര്‍.ആര്‍.ഡി.ബി. സെക്രട്ടറി ജനറല്‍ ഡോ. അബ്ദുള്‍ അസീസ്, ഐ.ആര്‍.എസ്.ജി. സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ വി. ഇവാന്‍സ്, ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ്, ജോയിന്റ് ഡയറക്ടര്‍ ഡോ. ആര്‍. കൃഷ്ണകുമാര്‍ എന്നിവര്‍ സമീപം.
കോട്ടയം:കാലാവസ്ഥാവ്യതിയാനം റബ്ബറിന്റെ ഉത്പാദനത്തിലും ഉത്പാദനക്ഷമതയിലും ഉണ്ടാക്കാനിടയുള്ള മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയും ഫലപ്രദമായ പരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് റബ്ബര്‍ബോര്‍ഡ് ചെയര്‍മാന്‍ സാജന്‍ പീറ്റര്‍ പറഞ്ഞു. കാലാവസ്ഥാമാറ്റങ്ങളെ ചെറുക്കുന്നതിന് കഴിയുന്ന റബ്ബറിനങ്ങള്‍ വികസിപ്പിച്ചെടുക്കുകയും കൃഷി രീതികളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക എന്നതാണ് പ്രധാന പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് റബ്ബര്‍കൃഷിയും കാലാവസ്ഥാവ്യതിയാനവും – ഗവേഷണ, വികസന മുന്‍ഗണനകള്‍ എന്ന വിഷയത്തില്‍ അന്താരാഷ്ട്രശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആഗോളതാപനം ലോകത്തെമ്പാടുമുള്ള കര്‍ഷകര്‍ക്ക് ഭീഷണിയാണ്. കാലാവസ്ഥാവ്യതിയാനം മൂലമുള്ള ദോഷഫലങ്ങള്‍ ചെറുകിട കര്‍ഷകരെയാണ് കൂടുതല്‍ ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. ഉത്പാദനക്കുറവ് ഉത്പന്നനിര്‍മ്മാതാക്കളെ പരിസ്ഥിതി ദോഷങ്ങളേറെയുളവാക്കുന്ന കൃത്രിമറബ്ബറിന്റെ ഉപഭോഗത്തിലേക്ക് മാറാന്‍ പ്രേരിപ്പിക്കും. പെട്രോളിയം ഉത്പന്നമായ കൃത്രിമറബ്ബറിന്റെ ഉപയോഗം അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈഓക്‌സൈഡിന്റെ അളവ് വര്‍ദ്ധിപ്പിച്ച് ആഗോളതാപനത്തിനിടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഉദ്ഘാടനയോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച ഐ.ആര്‍.ആര്‍.ഡി.ബി. സെക്രട്ടറി ജനറല്‍ ഡോ. അസീസ് ബി. എസ്. എ. ഖാദിര്‍ കാലാവസ്ഥാവ്യതിയാനം റബ്ബറുത്പാദനം കുറയ്ക്കുമെന്നും പുതിയ കീടങ്ങളുടെ ആവിര്‍ഭാവത്തിനും അതുവഴി രോഗങ്ങള്‍ക്കും ഇടയാക്കുമെന്നും പറഞ്ഞു. ആഗോളതാപനം മനുഷ്യരാശിയുടെ നിലനില്‍പ്പിനാവശ്യമായ ജലസ്രോതസ്സുകളെപ്പോലും ഇല്ലാതാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കാലാവസ്ഥാവ്യതിയാനത്തെ നാം എന്തിനു ഭയപ്പെടണം എന്ന വിഷയത്തെ ആസ്പദമാക്കി പ്രൊഫ. ജെ. ശ്രീനിവാസന്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ്, ബാംഗ്ലൂര്‍) മുഖ്യപ്രഭാഷണം നടത്തി. അന്താരാഷ്ട്ര റബര്‍ പഠനസംഘം (ഐ.ആര്‍.എസ്.ജി.) സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ വി. ഇവാന്‍സ് യോഗത്തില്‍ ആശംസാപ്രസംഗം നടത്തി. ഐ.ആര്‍.ആര്‍.ഡി.ബി.യുടെ വൈസ്‌ചെയര്‍മാന്‍കൂടിയായ ഇന്ത്യന്‍ റബ്ബര്‍ഗവേഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. ജെയിംസ് ജേക്കബ് സ്വാഗതവും ഐ.ആര്‍.ആര്‍.ഡി.ബി.യുടെ ഫിസിയോളജി വിഭാഗം ലെയ്‌സണ്‍ ഓഫീസറും ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം ജോയിന്റ് ഡയറക്ടറുമായ ഡോ. ആര്‍. കൃഷ്ണകുമാര്‍ കൃതജ്ഞതയും പറഞ്ഞു.ശില്‍പശാലയില്‍ തുടര്‍ന്നുള്ള രണ്ടുദിവസങ്ങളില്‍ പ്രകൃതിദത്തറബ്ബറുത്പാദകരാജ്യങ്ങളിലെ കാലാവസ്ഥാവ്യതിയാനത്തിന്റെ തോത്, റബ്ബറിന്റെ വളര്‍ച്ചയിലും ഉത്പാദനക്ഷമതയിലും കാലാവസ്ഥാവ്യതിയാനത്തിന്റെ സ്വാധീനത, പ്രമുഖ റബ്ബറുത്പാദകരാജ്യങ്ങളില്‍ കാലാവസ്ഥയിലുണ്ടാകാനിടയുള്ള മാറ്റങ്ങള്‍, ക്‌ളേശകരമായ പരിതസ്ഥിതികളെ അതിജീവിക്കുന്നതിന് റബ്ബര്‍കൃഷിമേഖലയെ സജ്ജമാക്കുന്നതിന് ഗവേഷണരംഗത്തുണ്ടാകേണ്ട നയരൂപവത്കരണം, വിവിധരാജ്യങ്ങളിലെ റബ്ബര്‍തോട്ടങ്ങളുടെ കാര്‍ബണ്‍ഡൈഓക്‌സൈഡ് ആഗിരണശേഷി വിലയിരുത്തല്‍, റബ്ബര്‍സംസ്കരണ – ഉത്പന്നനിര്‍മ്മാണ മേഖലകളില്‍ ഊര്‍ജ്ജസ്രോതസ്സുകളുടെ ഫലപ്രദമായ വിനിയോഗത്തിനും കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ ബഹിര്‍ഗമനം കൂറയ്ക്കുന്നതിനും കണ്ടെത്തിയിട്ടുള്ള നൂതനമാര്‍ഗ്ഗങ്ങള്‍ എന്നിവ മുഖ്യചര്‍ച്ചാവിഷയങ്ങളായിരിക്കും.
രണ്ടുദിവസങ്ങളിലായി നടക്കുന്ന ടെക്‌നിക്കല്‍ സെഷനില്‍ 31 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും. ഫിസിയോളജി, അഗ്രോണമി, മോളിക്യുലാര്‍ ബയോളജി, ബയോടെക്‌നോളജി, ബ്രീഡിങ്, പതോളജി, ക്‌ളൈമറ്റോളജി, എക്സ്റ്റന്‍ഷന്‍, പ്ലാനിങ് തുടങ്ങിയ മേഖലകളിലെ വിദഗ്ധരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിക്കുക. ഐ.ആര്‍.ആര്‍.ഡി.ബി. സെക്രട്ടറി ജനറല്‍ ഡോ. അസീസ്, ഐ.ആര്‍. എസ്.ജി. സെക്രട്ടറി ജനറല്‍ ഡോ. സ്റ്റീഫന്‍ വി. ഇവാന്‍സ്, ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ മുന്‍ ഡയറക്ടര്‍മാരായ ഡോ. എം.ആര്‍. സേതുരാജ്, ഡോ. എന്‍.എം. മാത്യു, മുന്‍ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ ഡോ. കെ.ജയരത്‌നം എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. മലേഷ്യ, ഇന്‍ഡോനേഷ്യ, തായ്‌ലന്റ്, ശ്രീലങ്ക, മ്യാന്‍മര്‍, ചൈന, കംബോഡിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്.ഡോ. നടരാജ കരാബ (യൂണിവേഴ്‌സിറ്റി ഓഫ് അഗ്രിക്കള്‍ച്ചറല്‍ സയന്‍സസ്, ബാംഗ്ലൂര്‍), ഡോ.എം. ഗോപാലകൃഷ്ണന്‍ (ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്റിഫിക് ഹെരിറ്റേജ്, തിരുവനന്തപുരം), ഡോ.പി.ജംബുലിംഗം (വെക്ടര്‍ കണ്‍ട്രോള്‍ റിസേര്‍ച്ച് സെന്റര്‍, പോണ്ടിച്ചേരി), ഡോ. സുശീലേന്ദ്ര ദേശായി (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡ്രൈലാന്റ് അഗ്രിക്കള്‍ച്ചര്‍, ഹൈദ്രബാദ്), ഡോ. അരൂപ് കെ. ചന്ദ്ര (അപ്പോളോ ടയേഴ്‌സ്, ബറോഡ) തുടങ്ങിയവര്‍ കാലാവസ്ഥാസംബന്ധമായ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രത്യേക പ്രഭാഷണങ്ങള്‍ നടത്തും.
|