Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

കോട്ടയം: മത്സ്യകേരളം പദ്ധതിയുടെ സാമൂഹ്യ മത്സ്യകൃഷിയുടെ ഭാഗമായി ജില്ലാ ഫിഷറീസ്‌ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ജലാശയങ്ങളില്‍ 10 ലക്ഷം മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കും.
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നതിന്റെ ഉദ്‌ഘാടനം തോമസ്‌ ചാഴികാടന്‍ എംഎല്‍എ നിര്‍വഹിച്ചു. ഇതിന്റെ ഭാഗമായി മീനച്ചിലാറ്റില്‍ തേക്കിന്‍പാലം റെയില്‍വേ കടവില്‍ 50,000 മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കുമാരനല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എന്‍.വാസന്തിക്കുട്ടി, ജില്ലാ നദീമത്സ്യ സംരക്ഷണ സമിതി പ്രസിഡന്റ്‌ പുന്നന്‍ നാഗപ്പള്ളി, ജില്ലാ ഫിഷറീസ്‌ അസിസ്റ്റന്റ്‌ ഡയറക്‌ടര്‍ രമാദേവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
36 പഞ്ചായത്തുകളിലായി ഇന്നു 8 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചതായി അധികൃതര്‍ അറിയിച്ചു.
രാഷ്‌ട്രപതി മടങ്ങി; പൊലീസിന്‌ ആശ്വാസം
കോട്ടയം: മൂന്നുദിവസത്തെ സന്ദര്‍ശനത്തിനുശേഷം രാഷ്‌ട്രപതി പ്രതിഭാപാട്ടില്‍ ഇന്നു കോട്ടയത്തുനിന്നു മടങ്ങുന്നതോടെ പൊലീസ്‌ ഉദ്യോഗസ്ഥന്മാര്‍ക്കാ ആശ്വാസമാകും.
വിവിഐപിയുടെ സന്ദര്‍ശനമായതിനാല്‍ സുരക്ഷയുടെ കാര്യത്തില്‍ ഒട്ടും പിന്നോട്ടുപോകാനും പാടില്ല. ഈ ദിവസങ്ങളില്‍ ഊണും ഉറക്കവും വിശ്രമവും ശ്രദ്ധിക്കാതെ പൊലീസുകാര്‍ സുരക്ഷാക്രമീകരണങ്ങളുമായി രംഗത്തുണ്ടായിരുന്നു. രാഷ്‌ട്രപതി വരുന്നതിനു മുമ്പുതന്നെ പൊലീസ്‌ ഉദ്യോഗസ്ഥന്മാര്‍ രംഗത്തെത്തി ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി. കരയിലും വെള്ളത്തിലും ആകാശത്തുമെല്ലാം പൊലീസിന്റെ കണ്ണുകള്‍ ജാഗ്രത പുലര്‍ത്തി.
ഹെലിപാഡില്‍ രാഷ്‌ട്രപതി വന്നിറങ്ങിയതു മുതല്‍ കുമരകത്തേക്കുള്ള യാത്രയില്‍, അവിടെനിന്ന്‌ ഭരണങ്ങാനത്തേക്കും തിരിച്ചുമുള്ള യാത്രയിലുടനീളം സുരക്ഷാ സംവിധാനത്തില്‍ പിഴവ്‌ വരുത്താതെ പൊലീസ്‌ ഉദ്യോഗസ്ഥര്‍ അവരുടെ ഡ്യൂട്ടി നിര്‍വഹിച്ചു. റോഡില്‍ പലയിടത്തും നിയന്ത്രണം മറികടന്ന്‌ ജനങ്ങള്‍ രാഷ്‌ട്രപതിയെ കാണാന്‍ തടിച്ചുകൂടിയപ്പോള്‍ പൊലീസ്‌ അല്‌പം വിഷമിച്ചു. എന്നാല്‍ അവിടെയെങ്ങും സുരക്ഷാ സംവിധാനത്തില്‍ ഒരുപാളിച്ചപോലും സംഭവിക്കാതെ പൊലീസ്‌ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അതീവ ശ്രദ്ധചെലുത്തി.
രാഷ്‌ട്രപതി മടങ്ങുന്നതോടെ ശ്വാസം നേരെവിടാമെന്ന ആശ്വാസത്തിലാണ്‌ പൊലീസുകാര്‍.
പ്രമേഹ നിര്‍ണയ ക്യാംപ്‌ നാളെ
കോട്ടയം: സെന്‍ട്രല്‍ ലയണ്‍സ്‌ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ കേരള ഡയബറ്റിക്‌ ക്ലബിന്റെ സഹകരണത്തോടെ നാളെ രാവിലെ 11 മുതല്‍ സൗജന്യ പ്രമേഹരോഗ നിര്‍ണയ ക്യാംപും പ്രതിരോധ മാര്‍ഗങ്ങളെ ആസ്‌പദമാക്കി സെമിനാറും നടത്തും.
പുല്ലരിക്കുന്ന്‌ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ ഓഡിറ്റോറിയത്തില്‍ 12.30ന്‌ നടക്കുന്ന സമ്മേളനം മന്ത്രി ജോസ്‌ തെറ്റയില്‍ ഉദ്‌ഘാടനം ചെയ്യും. സെന്‍ട്രല്‍ ലയണ്‍സ്‌ ക്ലബ്‌ പ്രസിഡന്റ്‌ ഷാജിലാല്‍ അധ്യക്ഷതവഹിക്കും. എംഎല്‍എ മാരായ തോമസ്‌ ചാഴികാടന്‍, വി.എന്‍.വാസവന്‍ എന്നിവര്‍ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും നല്ല ഡോക്‌ടര്‍ക്കുള്ള അവാര്‍ഡിന്‌ അര്‍ഹനായ ഡോ.ചെമ്മനം വര്‍ഗീസിന്‌ ലയണ്‍സ്‌ ക്ലബിന്റെ മെഡിക്കല്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ മന്ത്രി സമ്മാനിക്കും.
രാവിലെ 11ന്‌ സൗജന്യ പ്രമേഹ രോഗനിര്‍ണ ക്യാംപ്‌ ആരംഭിക്കും. ഡോ.ചെമ്മനം വര്‍ഗീസ്‌, ഡോ.ജോസഫ്‌ മാണി, ഡോ.അനില്‍ മാത്യു എന്നിവര്‍ നേതൃത്വം നല്‍കും. 12 മുതല്‍ പ്രമേഹരോഗ പ്രതിരോധമാര്‍ഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചാ ക്ലാസിന്‌ ഡോ.ചെമ്മനം വര്‍ഗീസ്‌ നേതൃത്വം നല്‍കും.
മീന്‍പിടിക്കുന്നതിനിടെ ഹൃദയാഘാതംമൂലം മരിച്ചു
കോട്ടയം: മീന്‍ പിടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായി മത്സ്യത്തൊഴിലാളി മരിച്ചു. കുമരകം കരിയില്‍ റെജി (41)യാണ്‌ മരിച്ചത്‌. ഇന്നു പുലര്‍ച്ചെ ആറുമണിയോടെ വള്ളിക്കായല്‍ ഭാഗത്തു മീന്‍ പിടുത്തത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന മറ്റ്‌ വള്ളക്കാര്‍ ചേര്‍ന്ന്‌ ഉടനെ കുമരകം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടയത്തും വ്യാജലോട്ടറി വില്‍പന
കോട്ടയം: അന്യസംസ്ഥാന ലോട്ടറി ഏജന്‍സിയുടെ മറവില്‍ കോട്ടയത്തും വ്യാജ ലോട്ടറി വില്‍പ്പന നടക്കുന്നതായി സൂചന. വില്‍പ്പന നികുതി ഉദ്യോഗസ്ഥന്മാര്‍ കഴിഞ്ഞദിവസം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ്‌ ഇതുസംബന്ധിച്ച്‌ സൂചന ലഭിച്ചത്‌. കോട്ടയം നഗരത്തിലെ 11 കേന്ദ്രങ്ങളില്‍ ഇന്നലെ റെയ്‌ഡ്‌ നടത്തി. പുത്തനങ്ങാടിക്കു സമീപത്തെ ലോട്ടറി ഏജന്‍സി ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കട്ടിംഗ്‌ മെഷീന്‍ കണ്ടെത്തി.
ജില്ലയില്‍ വില്‍ക്കുന്ന ടിക്കറ്റുകളില്‍ ഭൂരിഭാഗവും സ്വകാര്യ ഏജന്‍സി അടിച്ചുവില്‍ക്കുന്നതാണെന്ന്‌ നേരത്തെതന്നെ പൊലീസിന്‌ തെളിവ്‌ ലഭിച്ചിരുന്നു. ഇത്‌ സംബന്ധിച്ച്‌ ചില അന്വേഷണങ്ങള്‍ നടന്നെങ്കിലും എങ്ങുമെത്തിയില്ല. ഇതിനിടെയാണ്‌ വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ താഴത്തങ്ങാടിക്കു സമീപത്തെ ഏജന്‍സി ഓഫിസില്‍നിന്നും കട്ടിംഗ്‌ മെഷീന്‍ കണ്ടെത്തിയത്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ആരെയും പിടികൂടിയിട്ടില്ല. അന്വേഷണവും പരിശോധനയും ശക്തമാക്കാനാണ്‌ അധികൃതരുടെ തീരുമാനം.
ഓണം ബസാര്‍ തുടങ്ങി
കോട്ടയം: സിവില്‍ സപ്‌ളൈസ്‌ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ശാസ്‌ത്രി റോഡ്‌ ബസ്‌ സ്റ്റേഷനു സമീപത്തുള്ള സിഎസ്‌ഐ മൈതാനത്ത്‌ ഓണം ടൗണ്‍ പീപ്പിള്‍സ്‌ ബസാര്‍ പ്രവര്‍ത്തനം ആരംഭിച്ചു. വി.എന്‍.വാസവന്‍ എംഎല്‍എ ബസാര്‍ ഉദ്‌ഘാടനം ചെയ്‌തു.
നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ ലാഭം മാര്‍ക്കറ്റിലും മാവേലി സ്റ്റോറുകളിലും ലഭിക്കുന്ന അതേ വിലയ്‌ക്കാണ്‌ ഇവിടെ വില്‍ക്കുന്നത്‌. ബി.പി.എല്‍ കാര്‍ഡുകള്‍ക്ക്‌ സൗജന്യ ഓണക്കിറ്റും ഇവിടെ ലഭിക്കും. 18 മുതല്‍ പച്ചക്കറി, ഏത്തയ്‌ക്കാ എന്നീ ഉല്‌പന്നങ്ങളും ഓണം ബസാറില്‍ വില്‍പനയ്‌ക്ക്‌ എത്തും.
റാഗിംഗ്‌: വിദ്യാര്‍ഥി ആശുപത്രിയില്‍
കോട്ടയം: കിടങ്ങൂരിലെ എന്‍ജിനിയറിങ്‌ കോളജില്‍ റാഗിംഗിന്‌ ഇരയായ ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ മാനസിക നില തെറ്റിയ നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രിയിലെ കോളജിന്റെ ഹോസ്റ്റലില്‍ റാഗിംഗ്‌ അരങ്ങേറിയത്‌.
ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ ശാമുവേല്‍ ജോണ്‍ വില്‍ഫ്രണ്ടാണ്‌ (18) റാഗിംഗിന്‌ ഇരയായി ചികിത്സയില്‍ കഴിയുന്നത്‌. വിദ്യാര്‍ഥിയുടെ പരാതിയെ തുടര്‍ന്ന്‌ മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളായ നാലുപേരെ കോളജില്‍നിന്നും പ്രിന്‍സിപ്പല്‍ പുറത്താക്കി. സംഭവവുമായി ബന്ധപ്പെട്ട്‌ മലപ്പുറം സ്വദേശി റിജു, ആലപ്പുഴ സ്വദേശി ജുവാന്‍ ആന്റണി ജോസഫ്‌, മാവേലിക്കര സ്വദേശി അതുല്‍ മോഹന്‍, മലപ്പുറം സ്വദേശി അസ്‌ബുള്‍ ബിഗ്‌ഷാദ്‌ എന്നിവര്‍ക്കെതിരെ പൊലീസ്‌ കേസ്‌ എടുത്തു.

 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com