Flash News : ‍ വാ‍ര്‍ത്ത mails@myvartha.com ലേക്കോ 9447296955, 0481 2311155 എന്നീ നമ്പരുകളിലോ അറിയിക്കാവുന്നതാണ്‌
English Edition
  MyVartha.com
പൂഞ്ഞാര്‍ മണ്‌ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 32 കോടി

 ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്‌ഡലത്തിലെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ പൊതുമരാമത്ത്‌ വകുപ്പില്‍ നിന്ന്‌ 32 കോടി രൂപയുടെ അനുമതിയായതായി പി.സി ജോര്‍ജ്‌ എം.എല്‍.എ അറിയിച്ചു. ഇളംകാട്‌ - കോലാഹലമേട്‌ - വാഗമണ്‍ റോഡിന്‌ 18.75 കോടിയും, വാകക്കാട്‌ - തഴക്കവയല്‍ - കളത്തൂക്കടവ്‌ - ഞണ്‌ടുകല്ല്‌ - തീക്കോയി റോഡിന്‌ ഒരു കോടി, ചേന്നാട്‌ - മാളിക - രക്ഷാഭവന്‍ റോഡിന്‌ 2.50 കോടി, ചെമ്മലമറ്റം - വാരിയാനിക്കാട്‌ റോഡിന്‌ 60 ലക്ഷം, തിടനാട്‌ - മാടമല റോഡിന്‌ 45 ലക്ഷം, അടിവാരം - കൊടുങ്ങ റോഡിന്‌ 98 ലക്ഷം, കൈപ്പള്ളി - ഏന്തയാര്‍ റോഡിന്‌ 97 ലക്ഷം, അരുവിത്തുറ കൊണ്ടൂര്‍ - പാതാഴ റോഡിന്‌ 60 ലക്ഷം, കൂട്ടിക്കല്‍ - കാവാലി - പ്ലാപ്പള്ളി റോഡിന്‌ ഒരു കോടി രൂപയും അനുവദിച്ചു. ഈരാറ്റുപേട്ട ടൗണ്‍ പരിഷ്‌കരണത്തിന്‌ 45 ലക്ഷം രൂപയും ഗവണ്‍മെന്റ്‌ പോളി ടെക്‌നിക്കിന്‌ 1.5 കോടിയും സബ്‌ ട്രഷറി നിര്‍മാണത്തിന്‌ 25 ലക്ഷവും ജുഡീഷല്‍ കോംപ്ലക്‌സിന്‌ 1.30 കോടി രൂപയുമാണ്‌ അനുവദിച്ചിരിക്കുന്നത്‌.

സംസ്ഥാനത്തൊട്ടാകെ 100 പാലങ്ങള്‍ നിര്‍മ്മിക്കും.

പാലാ: പൊതുമരാമത്ത്‌ വകുപ്പില്‍ 1,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക്‌ ഒരാഴ്‌ചയ്‌ക്കുള്ളില്‍ ഭരണാനുമതിയാകുമെന്ന്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌. അടുത്ത കാലത്ത്‌ അനുവദിച്ച 2,000 കോടി രൂപയ്‌ക്ക്‌ പുറമെയാണിത്‌.

 പാലാ മീഡിയ സെന്ററില്‍ നടത്തിയ മീറ്റ ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തൊട്ടാകെ 100 പാലങ്ങള്‍ നിര്‍മ്മിക്കും. ഓരോ നിയോജകമണ്‌ഡത്തിലും ഒരു കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പിലാക്കും. പാല, കടുത്തുരുത്തി, മൂവാറ്റുപുഴ എന്നീ മൂന്ന്‌ നിയോജക മണ്‌ഡലങ്ങളെ ബന്ധപ്പെടുത്തിയുള്ള റോഡിന്‌ 25 കോടി രൂപയുടെ ഭരണാനുമതി നല്‌കിയതായി അദ്ദേഹം അറിയിച്ചു. സെന്റ്‌ അല്‍ഫോന്‍സാ തിരുനാളിനോട്‌ അനുബന്ധിച്ച്‌ ഭരണങ്ങാനവുമായി ബന്ധപ്പെട്ട റോഡുകള്‍ക്ക്‌ 2.75 കോടി രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.

 
ജില്ലാ ഹോമിയോ ആശുപത്രി നിര്‍മ്മാണം: ഒന്നേകാല്‍ ഏക്കര്‍ ഭൂമി നല്‍കും

കോട്ടയം: ജില്ലാ ഹോമിയോ ആശുപത്രിക്ക്‌ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ സ്ഥലം അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചതായി മന്ത്രി മോന്‍സ്‌ ജോസഫ്‌ അറിയിച്ചു.   നാഗമ്പടത്ത്‌ പൊതുമരാമത്ത്‌ വക സ്ഥലമാണ്‌ ജില്ലാ ഹോമിയോ ആശുപത്രി നിര്‍മ്മാണത്തിന്‌ അനുവദിച്ചിരിക്കുന്നത്‌. പെരുമ്പായിക്കാട്‌ വില്ലേജില്‍ ബ്ലോക്ക്‌ നമ്പര്‍ 26ല്‍ 49.35 ആര്‍ സ്ഥലമാണ്‌ ഡയറക്‌ടര്‍ ഓഫ്‌ ഹോമിയോപ്പതിക്ക്‌ കൈമാറിയിരിക്കുന്നത്‌.നഗരസഭയുടെ കെട്ടിടത്തിലാണ്‌ 1981 മുതല്‍ ജില്ലാ ഹോമിയോ ആശുപത്രി പ്രവര്‍ത്തിച്ചു വരുന്നത്‌.

  Full Story
 
പാലായുടെ വികസനത്തിന്‌ 40 കോടിയുടെ പദ്ധതി

പാലാ: പാലായുടെ സമഗ്രവികസനത്തിന്‌ കെ.എം മാണി എംഎല്‍എ മുന്‍കൈയെടുത്ത്‌ ബജറ്റില്‍ ഉള്‍പ്പെടുത്തിയ വിവിധ നിര്‍മാണ പരിപാടികളില്‍ 40 കോടിയുടെ പദ്ധതികള്‍ക്കു ഭരണാനുമതി ലഭിച്ചു. പാലായിലെ ഗതാഗത തടസം പരിഹരിക്കുന്നതിനു രൂപകല്‌പന ചെയ്‌തിരുന്ന പരിപാടികളാണ്‌ മുഖ്യമായിട്ടുള്ളത്‌. യു.ഡി.എഫിന്റെ കാലത്ത്‌ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നതും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൂന്നുകോടി രൂപയുടെ ഭരണാനുമതി നല്‍കിയതുമായ മുത്തോലി-കടപ്പാട്ടൂര്‍-പാലാ-പാറപ്പള്ളി-വിലങ്ങുപാറ-ഭരണങ്ങാനം റോഡ്‌ പൂര്‍ത്തിയാകുന്നതോടെ ഒരു പുതിയ സമാന്തര പാത തുറന്നുകിട്ടും.

  Full Story
സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണം

കോട്ടയം: കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ സെപ്‌തംബറിനകം പൂര്‍ത്തിയാക്കണമെന്ന്‌ മന്ത്രി മോന്‍സ്‌ ജോസഫ്‌ കെ എസ്‌ ഇ ബിക്ക്‌ നിര്‍ദ്ദേശം നല്‍കി. മണ്ഡലത്തെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിച്ചതായി ഒക്‌ടോബറില്‍ പ്രഖ്യാപനം നടത്തുകയാണ്‌ ലക്ഷ്യം.

കലക്‌ട്രേറ്റില്‍ ഇതുമായി ബന്ധപ്പെട്ട്‌ നടന്ന യോഗത്തില്‍ മണ്ഡലത്തിന്റെ വിവിധ പഞ്ചായത്തുകളിലെ വൈദ്യുതീകരണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ഞീഴൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞ മാര്‍ച്ച്‌ 31 വരെ രജിസ്റ്റര്‍ ചെയ്‌ത എല്ലാ അപേക്ഷകര്‍ക്കും വൈദ്യുതി കണക്ഷന്‍ നല്‍കിയതായി ബോര്‍ഡ്‌ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

ജൂലൈ മൂന്നാം വാരത്തിനകം ഞീഴൂരില്‍ 100 ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കണമെന്ന്‌ നേരത്തെ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഞീഴൂരില്‍ ഇതുവരെ 286 സര്‍വ്വീസ്‌ കണക്ഷനുകളാണ്‌ പദ്ധതിപ്രകാരം നല്‍കിയത്‌.
മണ്ഡലത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്‌ കെ എസ്‌ ഇ ബി വൈക്കം ഡിവിഷനില്‍ മാത്രം 1,04,48,938 രൂപ ചെലവു വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. ഗുണഭോക്താക്കളെ തെരഞ്ഞെടുത്ത്‌ ബന്ധപ്പെട്ട പഞ്ചായത്ത്‌ അംഗങ്ങളുടെ ചുമതലയില്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്നാണ്‌.

ഞീഴൂര്‍ പഞ്ചായത്തിലെ വൈദ്യുതീകരണത്തിനായി, അടിയന്തിര സാഹചര്യം പരിഗണിച്ച്‌ കെ എസ്‌ ഇ ബി മുഴുവന്‍ തുകയും അനുവദിച്ചിരുന്നു. മന്ത്രിമാരായ മോന്‍സ്‌ ജോസഫ്‌, എ കെ ബാലന്‍ എന്നിവര്‍ മുന്‍കൈയെടുത്താണ്‌ തുക അനുവദിച്ചത്‌. മറ്റു പഞ്ചായത്തുകളുടെ വൈദ്യുതീകരണത്തിനായി 50 ശതമാനം ചെലവ്‌ ബോര്‍ഡ്‌ വഹിക്കും. ബാക്കി തുക എംഎല്‍എ, പഞ്ചായത്ത്‌ ഫണ്ടില്‍ നിന്നും നല്‍കും.

പാലാ ഇലക്‌ട്രിക്കല്‍ ഡിവിഷനു കീഴില്‍ ഇതുവരെ 110 വൈദ്യുതി കണക്ഷനും മൂവാറ്റുപുഴ ഇലക്‌ട്രിക്കല്‍ ഡിവിഷനു കീഴില്‍ രണ്ടു കണക്ഷനും നല്‍കിയിട്ടുണ്ട്‌. എംഎല്‍എ ഫണ്ട്‌ വിനിയോഗം, വിവിധ ബൈപ്പാസുകളുടെ നിര്‍മ്മാണം എന്നിവ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്‌തു.

യോഗത്തില്‍ ജില്ലാ കലക്‌ടര്‍ പി വേണുഗോപാല്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്‌ ഇ പി രാജന്‍, വിവിധ വകുപ്പ്‌ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
 
© Copyright 2008. All rights reserved
Production in whole or in part without written permission is prohibited.
To access reprinting rights, please contact mails@myvartha.com